പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപാക്) സംഘടിപ്പിച്ച കായിക-കുടുംബ സംഗമം ഫിൻതാസ് ഗാർഡനിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. കുട്ടികളടക്കം നാനൂറിലധികം സംഘടനാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി.
രാവിലെ 7:30-ന് ഫഹഹീൽ, ഫർവാനിയ, സാൽമിയ, അബ്ബാസിയ എന്നീ ഏരിയ ടീമുകളെ അണിനിരത്തിക്കൊണ്ട് ആരംഭിച്ച ഫുട്ബോൾ ടൂർണമെന്റോടെയാണ് കായികദിനത്തിന് തുടക്കമായത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സാൽമിയ ടീമിനെ പരാജയപ്പെടുത്തി ഫഹഹീൽ ഏരിയ ടീം (ജീവധാര) ചാമ്പ്യന്മാരായി ട്രോഫി സ്വന്തമാക്കി. രാജേഷ് ടി.എസ്, അനൂപ് മങ്ങാട്ട്, വിഷ്ണു ചന്ദ്രൻ, ഇഖ്ബാൽ, ഫൈസൽ വി.എം, ജിനീഷ് ഇ.പി, അബ്ദുൾ നിസാർ, മുജീബ് റഹ്മാൻ, ശരത് ചന്ദ്രൻ, സൂരജ് രാജൻ, ഷാജു ഹനീഫ, ബാലമുരളി എന്നിവരാണ് ഫഹഹീലിനായി ബൂട്ട് കെട്ടിയത്.
തുടർന്ന് അത്ലറ്റിക്സ്, വടംവലി, ത്രോബോൾ തുടങ്ങിയ ഇതര കായിക മത്സരങ്ങളും വിവിധ വിനോദ പരിപാടികളും നടന്നു. ഉച്ചവിരുന്നിന് ശേഷം നടന്ന സമാപന സമ്മേളനത്തിൽ മത്സരവിജയികൾക്കുള്ള ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈകുന്നേരം 4:30-ഓടെയാണ് പരിപാടികൾ അവസാനിച്ചത്.
നേരത്തെ, പൽപാക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ കുടുംബസംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. ശിവദാസ് വാഴയിൽ, വൈസ് പ്രസിഡന്റ് ശ്രീ. സുരേഷ് മാധവൻ, സ്പോർട്സ് സെക്രട്ടറി ശ്രീ. സുധീർ, സുപ്രീം കൗൺസിൽ അംഗങ്ങളായ ശ്രീ. പി.എൻ. കുമാർ, ശ്രീ. ദിലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇവന്റ് കൺവീനറും സ്പോർട്സ് സെക്രട്ടറിയുമായ ശ്രീ. സുധീറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികൾ നിയന്ത്രിച്ചത്. പൽപാക് വനിതാ വിംഗിന്റെ സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.