പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ഓണാഘോഷങ്ങളുടെ ഭാഗമായി "പാലക്കാടൻ മേള 2025"
എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ദജീജിലെ മെട്രോ കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പൽപക് പ്രസിഡന്റ് രാജേഷ് പരിയാരത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാന സ്പോൺസറായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പ്രതിനിധികളും പങ്കെടുത്തു.
കൺവീനർ ശിവദാസ് വാഴയിൽ, ജോയിന്റ് കൺവീനർ പ്രേംരാജ്, സ്മരണിക കൺവീനർ ജയൻ നമ്പ്യാർ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്യുകയും മെട്രോ ഗ്രൂപ്പ് മാർക്കറ്റിംഗ് വിഭാഗം മേധാവി ബഷീർ ബത്തയ്ക്ക് കൈമാറുകയും ചെയ്തു.
ഓണാഘോഷങ്ങൾ ഒക്ടോബർ 3 വെള്ളിയാഴ്ച അബ്ബാസിയയിലെ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കും. സാംസ്കാരിക സമ്മേളനം പ്രശസ്ത ഐ.എ.എസ് ഉദ്യോഗസ്ഥനും കേരള സർക്കാരിന്റെ നിലവിലെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
പ്രശസ്തമായ 'പഴയിടം രുചി' എന്ന കേരളീയ പാചക ബ്രാൻഡിൽ നിന്നുള്ള യദു പഴയിടത്തിന്റെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ഒരുക്കുന്നതാണ്.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ, ഐഡിയ സ്റ്റാർ സിംഗർ താരം പ്രശോഭിന്റെ നേതൃത്വത്തിൽ 'ശ്രീരാഗം ബാൻഡ്' അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി. ബിജു, രക്ഷാധികാരി പി.എൻ. കുമാർ,
ട്രഷറർ മനോജ് പരിയാനി, മറ്റ് കേന്ദ്ര-ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രവേശനം സൗജന്യമായ ഈ പരിപാടിയിൽ കുവൈറ്റിലെ മുഴുവൻ മലയാളി പ്രവാസി സമൂഹത്തിന്റെയും പൂർണ്ണ പിന്തുണയും പങ്കാളിത്തവും പ്രസിഡന്റ് രാജേഷ് പരിയാരത്ത് അഭ്യർത്ഥിച്ചു.