പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (PALPAK) തങ്ങളുടെ പതിനാറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൽപഗം-24 സംഗീത നിശ കുവൈറ്റിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി. ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും കുവൈറ്റിലെ പ്രവാസി ചരിത്രത്തിൽ ഇടംപിടിക്കാൻ ഈ ആഘോഷ പരിപാടിക്ക് സാധിച്ചു.
ആദ്യമായാണ് പ്രശസ്ത റോക്ക് ബാൻഡ് ആയ 'അഗം' (AGAM) പൂർണ്ണ സജ്ജീകരണങ്ങളോടെ കുവൈറ്റിൽ എത്തിയത്. പ്രശസ്ത സംഗീതജ്ഞൻ ഹരീഷ് ശിവരാമകൃഷ്ണൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ അഗം ബാൻഡിൻ്റെ തകർപ്പൻ പ്രകടനം ആയിരക്കണക്കിന് ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചു. മുതിർന്നവർക്കും യുവതലമുറയ്ക്കും ഒരുപോലെ ഹൃദ്യമായ അനുഭവം സമ്മാനിച്ച പരിപാടി,
സംഗീതത്തിന് പ്രായഭേദമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു. നിശ്ചയിച്ച സമയത്തിനും മണിക്കൂറുകൾക്ക് മുൻപ് തന്നെ സംഘാടകരുടെ പ്രതീക്ഷകളെയും മറികടന്ന് വൻ ജനപ്രവാഹമാണ് വേദിയായ മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളിലേക്ക് ഒഴുകിയെത്തിയത്.
ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പരക്കാപ്പടത്ത് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പൽപക് ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ പ്രേംരാജ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പൽപക് പ്രസിഡൻ്റ് സക്കീർ പുതുനഗരത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ രാജേഷ് കുമാർ നന്ദി രേഖപ്പെടുത്തി.
മുഖ്യാതിഥിയായ ഹരീഷ് ശിവരാമകൃഷ്ണൻ പരിപാടിയുടെ വിശിഷ്ട സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഹംസ പയ്യന്നൂർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ്റെ പതിനാറാം വാർഷിക സ്മരണികയായ 'സുവനീർ', സുനിൽ പരക്കാപ്പടത്ത് പൽപക് വൈസ് പ്രസിഡൻ്റ് രാജേഷ് പരിയാരത്തിന് നൽകി പ്രകാശനം ചെയ്തു.
ശിവദാസ് വാഴയിൽ, പി. എൻ. കുമാർ, സുരേഷ്പുളിക്കൽ, സുരേഷ് മാധവൻ, അരവിന്ദാക്ഷൻ, വേണു
കുമാർ, ജിജു മാത്യു, ഹരീഷ്, സി. പി. ബിജു, സുഷമ, രാജി ജയരാജ്
എന്നിവർ വേദിയിൽ
സന്നിഹിതരായിരുന്നു.
അസോസിയേഷന്റെ പ്രവർത്തന ചരിത്രത്തിലെ തിളക്കമാർന്ന മറ്റൊരു നാഴികക്കല്ലുകൂടിയാണ് ഈ കലാസന്ധ്യ.